മുൻകാലങ്ങളിൻ സന്നദ്ധസംഘടനകളാണ് ചാരിറ്റി പ്രസ്ഥാനത്തിന് ആക്കം കൂട്ടിയത്. സമൂഹ സമുദ്ധാരണത്തിലും സാധുജന പരിപാലനത്തിലും തത്പരരായ ആളുകൾ സന്നദ്ധസംഘടനകൾ രൂപീകരിച്ച് പ്രവർത്തിക്കുന്നു. നിർധനർക്ക് സഹായം നല്കുന്നതിലുപരി ഒരു രാജ്യത്തിന്റെ പുനഃനിർമ്മിതിക്ക് സന്നദ്ധസംഘടനകൾ നേതൃത്വം വഹിക്കുന്നു. ജീവകാരുണ്യ പ്രവർത്തനവും സാമൂഹ്യ പുരോഗതി ലക്ഷ്യമാക്കിക്കൊണ്ടുള്ള പരിപാടികളും നടത്തുന്നതിനായി രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള ചില സന്നദ്ധസംഘടനകൾ കോടികളുടെ വെട്ടിപ്പ് നടത്തുക വഴി പൊതുജനങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെടുത്തി. ഈ അവബോധം സത്യാന്വേഷണവേദി സൊസൈറ്റിയുടെ (മഹാത്മാഗാന്ധിയുടെ "എന്റെ സത്യാന്വേഷണപരീക്ഷണങ്ങൾ" എന്ന നാമത്തിൽ നിന്നും സ്വീകരിച്ചത്) രൂപീകരണത്തിലേക്കു നയിച്ചു.


സ്ഥാപക പ്രസിഡന്റ്

അഴിമതിരഹിതവും മാതൃകാപരവുമായ ഒരു സൊസൈറ്റി സ്ഥാപിക്കണം എന്ന ആലോചന സത്യാന്വേഷണവേദിയുടെ പിറവിയ്ക്കു കാരണമായി. 2006 മെയ് 7 ന് ശ്രീ വിളപ്പിൽ സോമൻെറ വീട്ടിൽ വെച്ച് കൂടിയ യോഗത്തിൽ ശ്രീ എം. പി. ശ്രീധരൻ, പുരോഗമനാശയ പ്രചാരണം ലക്ഷ്യമാക്കിയുള്ള സത്യാന്വേഷണ ചർച്ചാവേദി ഉദ്ഘാടനം ചെയ്തു. സൂര്യക്കോട് നടേശൻ, വിളപ്പിൽ സോമൻ, പി. സുകുമാരൻ എന്നിവർ യഥാക്രമം പ്രസിഡന്റ്, സെക്രട്ടറി, ട്രെഷറർ എന്നീ സ്ഥാനങ്ങൾ വഹിച്ചു കൊണ്ടുള്ള 15 അംഗ അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ച് മെമ്മോറാണ്ടം ഓഫ് അസോസിയേഷനും നിയമാവലിയും സമർപ്പിച്ച് സത്യാന്വേഷണ ചാരിറ്റബിൾ സൊസൈറ്റി 1955 ലെ തിരുവിതാംകൂർ - കൊച്ചി സാഹിത്യ ശാസ്ത്ര ധർമ്മ സംഘം രജിസ്ട്രേഷൻ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തു. ആദ്യകാലങ്ങളിൽ ചില ചാരിറ്റബിൾ സൊസൈറ്റികളെപ്പറ്റി പരന്നിട്ടുള്ള വാർത്തകൾ കാരണം ഞങ്ങളെയും വളരെ സംശയത്തോടെയാണ് പലരും വീക്ഷിച്ചത്. എന്നാൽ പ്രവർത്തനത്തനിമയിലൂടെ ജനങ്ങളുടെ സഹകരണവും പ്രോത്സാഹനവും നേടിയെടുത്തു. 5 രൂപ പ്രവേശന ഫീയും 10 രൂപ മാസവരിയും നൽകി അംഗത്വം എടുത്തവരിലധികവും തൊഴിലാളികളും സാധാരണക്കാരുമാണ്. വയോധികനായ ശ്രീ തങ്കപ്പൻ പണിക്കർ ഉൾപ്പെടെയുള്ള അത്തരം സുഹൃത്തുക്കളാണ് കൃത്യമായി മാസവരി നൽകി സൊസൈറ്റിയെ കൈ പിടിച്ച് നടത്തിയത്. സർവ്വശ്രീ എ. കൃഷ്ണൻകുട്ടിയും, എസ്. ആർ. മോഹനനും ചേർന്ന് നെയിം ബോർഡുണ്ടാക്കി. സാമ്പത്തിക ക്ലേശം വല്ലാതെ വിഷമിപ്പിച്ചുവെങ്കിലും അതെല്ലാം അതിജീവിക്കാൻ കഴിഞ്ഞത് ലക്ഷ്യബോധം ഉണ്ടായിരുന്നതുകൊണ്ട് മാത്രമാണ്. സൊസൈറ്റിയുടെ ഉദ്ദേശ്യലക്ഷ്യവും പ്രവർത്തകരുടെ രീതികളും ബോധ്യമായ ശ്രീ കാർത്തികേയ പെയിന്റ് വർക്സ് ഉടമ ശ്രീ എ. ശൈലൻ നൽകിയ സംഭാവന സൊസൈറ്റിയെ താങ്ങി നിർത്തുകയും ഉത്സാഹിപ്പിക്കുകയും ചെയ്തു. ഇത്തരത്തിലുള്ള മഹാമനസ്കതയാണ് ഈ സംഘത്തിന്റെ ആയുസ്സ് നിലനിർത്തിയത്. സർവ്വശ്രീ. ഫ്രാങ്ക്‌ളിൻ, എം. പി. ശ്രീധരൻ, ജി. സുധാകരൻ നായർ, കെ. ജി. ജെയിംസ്, ബി. രാധാകൃഷ്ണൻ നായർ, കാട്ടുവിള വിഭുകുമാർ, കെ. രാജേഷ് എന്നിവരുടെ പ്രോത്സാഹനങ്ങൾ പതറാതെ മുന്നേറുവാൻ ധൈര്യം നൽകി.
രണ്ടാം വർഷം പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത ശ്രീ എം. ഡി. ദിലീപ്, മൂന്നാം വർഷം മുതൽ പ്രസ്തുത സ്ഥാനത്തുള്ള ശ്രീ മാനുവൽ നേശൻ, സെക്രട്ടറി ശ്രീ വിളപ്പിൽ സോമൻ, തുടർന്ന് പ്രസിഡന്റായ ശ്രീ ഗിൽറ്റൻ ജോസഫ്, അതിനുശേഷം പ്രസ്തുത സ്ഥാനത്തു വന്ന ശ്രീ വി കെ. മോഹനൻ സെക്രട്ടറി ശ്രീ കെ. മുരളീധരൻ പുരുഷവയോജനകേന്ദ്രം എന്ന ലക്ഷ്യത്തോടെ പ്രസിഡന്റ് സ്ഥാനത്തു വന്ന ശ്രീ ഗിൽറ്റൻ ജോസഫ്, സെക്രട്ടറി ശ്രീ കെ. ജനാർദ്ദനൻ നായർ എന്നിവരും മറ്റ് പ്രവർത്തകരും ആത്മാർത്ഥമായി പ്രവർത്തിച്ചതിന്റെ ഫലമായിട്ടാണ് സൊസൈറ്റിക്ക് ആകർഷണീയമായ നേട്ടങ്ങളുണ്ടാക്കാൻ കഴിഞ്ഞിട്ടുള്ളത്. സൊസൈറ്റിയുടെ വൈസ് പ്രസിഡന്റായിരുന്ന റിട്ടയേർഡ് ഐ. എ. എസ്. ഓഫീസർ ശ്രീ കെ. അപ്പു, അദ്ദേഹത്തിന്റെ 20 സെൻറ് വസ്തു കുറഞ്ഞ വിലയ്ക്കു സംഘത്തിന് നൽകിയതും ശ്രീ. ജഗതി ശ്രീകുമാർ ആംബുലൻസ് വാൻ സംഭാവനയായി നൽകിയതും വൃദ്ധസദനം സ്ഥാപിക്കുവാൻ കെട്ടിടവും മറ്റ് ഭൗതിക സൗകര്യങ്ങളും ശ്രീ റിച്ചാർഡ്സൺ നൽകിയതും സൊസൈറ്റിക്ക് ലഭിച്ച വലിയ അംഗീകാരവും നേട്ടവുമാണ്.
